കോഴിക്കോട്: പൊതുഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ‘കേരള ബസ്’ എന്ന മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നു.
സംസ്ഥാനത്തെ മുഴുവന്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളെയും സബ് ആര്‍ടി ഒഫീസുകളെയും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഉദ്ദേശിക്കുന്നത്.
കേരള ബസ് പ്ലാറ്റ്ഫോമില്‍ പ്രധാനമായും മൂന്ന് മൊഡ്യൂളുകളാണ് ഉണ്ടാകുക.
പെര്‍മിറ്റ് മാനേജ്മെന്റ് സിസ്റ്റം: ആപ്പ് വരുന്നതോടെ ബസ് പെര്‍മിറ്റുകള്‍ക്കുള്ള അപേക്ഷ നല്കല്, വിവരങ്ങളുടെ പരിശോധന, അനുമതി, തത്സമയ ട്രാക്കിംഗ് എന്നിവ പൂര്‍ണമായും ഡിജിറ്റലായി നിര്‍വഹിക്കാം.
റൂട്ട് മാനേജ്മെന്റ് സിസ്റ്റം: ജിഐഎസ് അധിഷ്ഠിതമായി അംഗീകൃത ബസ് റൂട്ടുകളുടെ കേന്ദ്രീകൃത ഡാറ്റാബേസ് തയാറാക്കും. റൂട്ട് മാപ്പിംഗ്, ദൂരം കൃത്യമായി കണക്കാക്കല്‍, റൂട്ടുകളിലെ ഓവര്‍ലാപ്പിംഗ് പരിശോധന, ശാസ്ത്രീയമായ റൂട്ട് പ്ലാനിംഗ് എന്നിവ ഇതിലൂടെ സാധ്യമാകും.
ടൈമിംഗ് കോണ്‍ഫറന്‍സ് ഓട്ടോമേഷന്‍ സിസ്റ്റം: ബസുകളുടെ സമയക്രമം നിശ്ചയിക്കുന്നതിനുള്ള ടൈമിംഗ് കോണ്‍ഫറന്‍സുകളുടെ ക്രമീകരണം, നടത്തിപ്പ് തുടങ്ങിയവ ഡിജിറ്റല്‍ സംവിധാനത്തിലൂടെ പൂര്‍ണമായും ഓട്ടോമേറ്റ് ചെയ്യും.